മലയാള സിനിമയുടെ കാരണവരും മലയാളത്തിന്റെ പ്രിയപ്പെട്ട നടനുമായ മധുവിന് ജന്മദിനാശംസകൾ. മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളർച്ചയ്ക്കൊപ്പം സഞ്ചരിച്ച ഈ പ്രിയ നടനെ മലയാളികൾ ഇന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്നു. മലയാളത്തിലെ നിരാശാകാമുകന്മാർക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. പ്രണയനൈരാശ്യം മാത്രമല്ല, ഒട്ടേറെ ഭാവങ്ങളും വികാരങ്ങളും ആ മുഖത്ത് മിന്നിമാഞ്ഞു.
തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23നാണ് മധുവിന്റെ ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായിരുന്നെങ്കിലും പിന്നീട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം, പിന്നീട് അധ്യാപകനായി സേവനമനുഷ്ഠിച്ചു. എന്നാൽ അഭിനയമോഹം കെട്ടടങ്ങാതെ, 1959-ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായി.
1963-ൽ ‘മൂടുപടം’ എന്ന സിനിമയിലൂടെയാണ് മാധവൻ നായർ എന്ന മധു മലയാള ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നത്. സത്യനും പ്രേംനസീറും നിറഞ്ഞുനിൽക്കുന്ന കാലത്താണെങ്കിലും, സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഇടം നേടിയെടുക്കാൻ മധുവിനായി. വിഖ്യാത എഴുത്തുകാരുടെ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാനുള്ള അവസരം ലഭിച്ചു. ‘ചെമ്മീൻ’ എന്ന ചിത്രത്തിലെ പരീക്കുട്ടി എന്ന കഥാപാത്രം മധുവിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കി, മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറി. വർഷങ്ങൾക്ക് ശേഷവും മധുവിനെ കാണുമ്പോൾ ‘ചെമ്മീനി’ലെ സംഭാഷണങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്.
Story Highlights: Legendary Malayalam actor Madhu celebrates his birthday, remembered for iconic roles in over 300 films including Chemmeen