സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് തന്റെ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. തന്റെയോ പാർട്ടിയുടെയോ സ്വത്തുക്കൾ മരവിപ്പിച്ചതായി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും, ഇ ഡിയുടെ ഔദ്യോഗിക വിവരം ലഭിച്ചതിനുശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കൽ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ 29 കോടിയുടെ സ്വത്തുക്കളാണ് മരവിപ്പിച്ചതെന്നും, അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണെന്നും പറയപ്പെടുന്നു. എം എം വർഗീസിന്റെ പേരിലുള്ള പൊറത്തുശേരി പാർട്ടി കമ്മിറ്റി ഓഫീസിനായുള്ള സ്ഥലവും കണ്ടുകെട്ടിയതായി സൂചനയുണ്ട്. സിപിഐഎമ്മിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലെ 70 ലക്ഷത്തിലധികം രൂപയും മരവിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഐഎം തൃശൂർ ജില്ലാ നേതൃത്വത്തിന്റെ അറിവും പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി സ്വത്തുക്കൾ കൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെന്റ് കടന്നതെന്ന് കരുതപ്പെടുന്നു. കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.