കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാൻ നാവികസേന എത്തുമെന്ന് എം കെ രാഘവൻ എം പി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി നേവി സംഘം എത്തുമെന്ന് കർണാടക സർക്കാർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഏകോപനത്തിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഡൈവർമാർ ഹെലികോപ്റ്ററുകൾ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാൻ ആലോചിക്കുന്നുണ്ട്. കാർവാർ നാവികസേന ബേസ് കളക്ടറുടെ അഭ്യർത്ഥന പ്രകാരം ഗോവ നേവൽ ബേസിൽ അനുമതി തേടി. എന്നാൽ, രക്ഷാ പ്രവർത്തനം മന്ദഗതിയിലാണ്. മുൻഗണന കൊടുക്കുന്നത് റോഡ് നന്നാക്കാനാണ്. മണ്ണിനടിയിൽ കുടുങ്ങിയത് 15ഓളം പേരാണെന്നും അർജുൻ കുടുങ്ങിയത് റോഡിന്റെ ഇടത് വശത്താണെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
കേരള സര്‍ക്കാരും പ്രതിപക്ഷവും ഇടപെടൽ ശക്തമാക്കിയതോടെ രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കാൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. മന്ത്രി കെ ബി ഗണേഷ് കുമാറും കെ സി വേണുഗോപാലും അടക്കമുള്ളവർ ഇടപെട്ടു. ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാൻ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാത്തിരിക്കുകയാണ്.