അബുദാബിയിൽ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്ക് 85 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 7208 മില്യൺ രൂപയുടെ (84.4 മില്യൺ ഡോളർ) ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികമാണിത്. 2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയ്ൽ 4.7 ശതമാനം വാർഷിക വളർച്ചയും നേടിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിക്ഷേപകർക്ക് നന്ദി രേഖപ്പെടുത്തി. നിക്ഷേപകരുടെ വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. ലോങ്ങ് ടേം സ്റ്റ്രാറ്റജിയിൽ മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുലു റീട്ടെയിലിന്റെ 2024 സാമ്പത്തിക വർഷത്തെ പ്രകടനം ശ്രദ്ധേയമായിരുന്നു. 7.62 ബില്യൺ ഡോളർ വരുമാനത്തോടെ 12.6 ശതമാനം അധിക വളർച്ച കൈവരിച്ചു. അറ്റാദായം (നെറ്റ് പ്രോഫിറ്റ്) 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യുഎഇ, സൗദി അറേബ്യ മാർക്കറ്റുകളിൽ മികച്ച വളർച്ചയാണ് കമ്പനി നേടിയത്.
നിലവിലെ വിപണിയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളിൽ കൂടുതൽ സ്റ്റോറുകൾ തുറക്കാനും ലുലു ലക്ഷ്യമിടുന്നു. ഓൺലൈൻ രംഗത്തും മികച്ച വളർച്ചയാണ് കമ്പനിക്ക്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കാനും ലുലു പദ്ധതിയിടുന്നു.
ഉപഭോക്താക്കൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനായി ഹാപ്പിനെസ്സ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കും. സുസ്ഥിര വളർച്ചയിലൂടെ റീട്ടെയ്ൽ മേഖലയിൽ സുപ്രധാന പങ്കാണ് ലുലു വഹിക്കുന്നതെന്ന് ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Lulu Retail announced an 85% dividend for investors at its first annual general meeting in Abu Dhabi.