റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ സൂപ്പർ താരം ലൂക്കാ മോഡ്രിച്ച് ഇനി എസി മിലാനിലേക്ക് ചേക്കേറുന്നു. 13 വർഷം റയൽ മാഡ്രിഡിന്റെ മധ്യനിരയിൽ നിറഞ്ഞുനിന്ന താരമാണ് മോഡ്രിച്ച്. ക്ലബ് ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡ് പിഎസ്ജിക്കെതിരെ 4-0 എന്ന സ്കോറിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ മാറ്റം.
ഈ ക്രൊയേഷ്യൻ താരം സ്പെയിനിൽ നിന്ന് ഫ്രീ ഏജന്റായാണ് ഇറ്റാലിയൻ ക്ലബ്ബായ എസി മിലാനിലേക്ക് എത്തുന്നത്. എസി മിലാന്റെ മുഖ്യ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി മോഡ്രിച്ചിനെ ടീമിലേക്ക് സ്വാഗതം ചെയ്തു. “മോഡ്രിച്ച് അസാധാരണ കളിക്കാരനും ഏറെ പ്രധാന്യമുള്ളവനുമാണ്, ഞങ്ങൾ അവനായി കാത്തിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റാലിയൻ വമ്പന്മാരുമായി ഒരു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.
റയൽ മാഡ്രിഡിനായി തന്റെ കരിയറിലെ പ്രധാന സമയമെല്ലാം ചിലവഴിച്ച താരമാണ് 39 കാരനായ ലൂക്കാ മോഡ്രിച്ച്. ക്ലബ്ബിനായി ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ കളിക്കാരൻ എന്ന ഖ്യാതിയും മോഡ്രിച്ചിനുണ്ട്. ആഗസ്റ്റിലായിരിക്കും മോഡ്രിച്ച് എസി മിലാൻ ടീമിലേക്ക് എത്തുന്നത്.
597 മത്സരങ്ങളിൽ റയൽ മാഡ്രിഡിനായി കളത്തിലിറങ്ങിയ മോഡ്രിച്ച് ആറ് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 28 ട്രോഫികൾ നേടിയിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് സമൂഹ്യ മാധ്യമമായ എക്സിലൂടെ ഈ വിവരം പുറത്തുവിട്ടത്.
Story Highlights: ലൂക്കാ മോഡ്രിച്ച് റയൽ മാഡ്രിഡ് വിട്ട് എസി മിലാനിലേക്ക്; ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു.