ഇന്റർ മയാമിയിലേക്ക് യൂറോപ്പിൽ നിന്നുള്ള മറ്റൊരു താരത്തെ കൂടി എത്തിക്കാൻ ലയണൽ മെസ്സി ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ചതിന് ശേഷമാണ് മെസ്സി യൂറോപ്പിൽ നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയത്. മെസ്സിയുടെ വരവിന് ശേഷം ലൂയിസ് സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്ക്വെറ്റ്സ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്റർ മയാമിയിൽ എത്തിച്ചേർന്നിരുന്നു. ഇതോടെ ശക്തമായൊരു ടീമായി ഇന്റർ മയാമി മാറിയിരിക്കുകയാണ്.
\
ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്ക മോഡ്രിച്ചിനെയാണ് മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെസ്സിയുടെ പ്രിയപ്പെട്ട ക്ലബ്ബായ ബാഴ്സലോണയുടെ എതിരാളികളായ റയൽ മാഡ്രിഡിലെ താരമാണ് മോഡ്രിച്ച് എന്നത് ശ്രദ്ധേയമാണ്. 39 വയസ്സുള്ള മോഡ്രിച്ച് റയൽ മാഡ്രിഡ് വിടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. നാൽപ്പതാം വയസ്സിലേക്ക് കടക്കുന്ന മോഡ്രിച്ചിന്റെ അടുത്ത ലക്ഷ്യം മേജർ ലീഗ് സോക്കർ ആകാനാണ് സാധ്യത.
\
2012 മുതൽ റയൽ മാഡ്രിഡിനായി കളിക്കുന്ന മോഡ്രിച്ചിന് 2025 ജൂൺ 30 വരെയാണ് ക്ലബ്ബുമായി കരാറുള്ളത്. ഈ സീസണിൽ വളരെ കുറച്ച് സമയമേ മോഡ്രിച്ച് കളിച്ചിട്ടുള്ളൂ. സമ്മറിൽ ടീം വിടുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇന്റർ മയാമിയുടെ ഉടമസ്ഥനായ ഡേവിഡ് ബെക്കാമിനും മോഡ്രിച്ചിനെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: Lionel Messi wants to bring Croatian star Luka Modric to Inter Miami.