കോഴിക്കോട്◾: ഡൊമനിക് അരുൺ സംവിധാനം ചെയ്ത ലോക ചാപ്റ്റർ വൺ; ചന്ദ്ര കടന്നുപോകുന്നത്, യക്ഷിക്കഥകളുടെ പുനർവായന സാധ്യമാക്കുകയാണ്. ചിത്രത്തിൽ അമരത്വം പേറിയുള്ള കാലയാപനത്തിനിടെ നീലി ആ വെളിച്ചം കെടാതെ കാക്കുന്നു. സബ് വേഴ്സീവ് റീ ടെല്ലിങ്ങിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരുടെ കണ്ണിൽ പ്രതീക്ഷയുടെ വെളിച്ചം നിറക്കുന്ന ചിത്രം കൂടിയാണിത്.
സബാൾട്ടൻ നരേറ്റീവുകളിലെ നീലി മനുഷ്യ രക്തത്തിനായി ദംഷ്ട്രകളാഴ്ത്തിയിരുന്നു. ലോക ചാപ്റ്റർ വൺ ചന്ദ്രയിൽ ദൈവത്തെ തൊട്ട് “അശുദ്ധരാക്കിയ”, കീഴാളരെ കൊല്ലാൻ രാജാവ് അയച്ച സംഘത്തെ നേരിടുന്ന നീലിയെ ഓർത്തഡോക്സിക്ക് പുറത്തുള്ള വായനയിലേക്ക് ചേർത്ത് നിർത്താനാകും. പുരുഷ-സവർണ്ണ മേധാവിത്വത്തിന്റെ കൽപ്പനകൾക്കനുസരിച്ചായിരുന്നു യക്ഷിക്കഥകളുടെ ആഖ്യാനങ്ങൾ കൂടുതലും ഉണ്ടായിരുന്നത്.
കല്ലിയങ്കാട്ട് നീലിയായി മാറിയ നമ്പിയുടെ ഭാര്യ പുരുഷന്മാരെ കാമിച്ചതും ആക്രമിച്ചതും പുരുഷ കേന്ദ്രീകൃത ചിന്തകൾക്കനുസരിച്ചായിരുന്നു. അധികാര രാഷ്ട്രീയത്തിൻ്റെ കണ്ണിൽ ആ സ്ത്രീ അമാനുഷിക ശക്തികളാൽ അകാരണമായി മനുഷ്യരെ കൊലപ്പെടുത്തി. എന്നാൽ ഈ വീക്ഷണങ്ങളിൽ സ്ത്രീപക്ഷ ഛായ ഒട്ടും ഉണ്ടായിരുന്നില്ല.
രാമായണത്തിലെ അസുരനായ രാവണനും, മഹാഭാരതത്തിൽ അർജുനനാൽ കൊല്ലപ്പെടുന്ന കർണ്ണനും സബ് വേഴ്സീവ് റീ ടെല്ലിങ്ങിലൂടെയാണ് മുഖ്യധാരയിലെ സബാൾട്ടൻ വായനയിലേക്ക് പ്രവേശിക്കുന്നത്. കമ്പരാമായണത്തിലും, അസുര; ടെയിൽ ഓഫ് ദി വാൻഗ്വിഷ്ഡ് എന്ന ആനന്ദ നീലകഠനൻ്റെ നോവലിലും രാവണന്റെ പ്രതിപുരുഷ വേഷം അഴിഞ്ഞുവീഴുന്നതായി കാണാം. പി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ തുടങ്ങിയ കൃതികളിൽ കൗരവ പക്ഷത്ത് നിന്ന് കൊല്ലപ്പെട്ട കർണ്ണന് ദുരന്തനായകന്റെ പരിച്ഛേദം നൽകുന്നു.
അമ്മയുടെ വാക്കുകൾ പോലെ ചോര വാർന്ന മുറിപ്പാടുകളുമായി നീലി ഓടി തുടങ്ങുന്നിടത്ത് സിനിമ പുരോഗമിക്കുന്നു. ആ ഓട്ടം ചെന്നെത്തുന്നത് നഗരത്തിൽ പുതുതായി താമസിക്കാനെത്തിയ കോഫീഷോപ്പ് ജീവനക്കാരിയായ ചന്ദ്രയുടെ അടുത്തേക്കാണ്. ചുറ്റിനും ജീവനറ്റുകിടക്കുന്ന പടയാളികളെ തേടി രാജാവ് നേരിട്ടെത്തുമെന്ന് നീലിയുടെ അമ്മ പറയുന്നു.
ചന്ദ്ര ഓരോ തവണ മുഷ്ടിയുയർത്തുന്നതും, സ്വയം അപകടത്തിലാകുന്നതും അധികാര കേന്ദ്രത്തിൻ്റെ പുറത്തുള്ള സ്ത്രീകൾക്ക് വേണ്ടിയായിരുന്നു. ആസിഡ് കൊണ്ട് പൊള്ളിച്ച ചന്ദ്രയെ മുരുകേശനിലൂടെയാണ് ഇൻസ്പെക്ടർ നഞ്ചിയപ്പ ആദ്യമായി കേൾക്കുന്നത്. ഒടുവിൽ പുരുഷന് നേരെ ഉയരുന്ന സ്ത്രീ സ്വരത്തിനെയും അധികാര ആധിപത്യത്തെയും അസഹിഷ്ണുതയോടെ നേരിടുന്ന നഞ്ചിയപ്പയുടെ ആ അഹന്തയ്ക്ക് മേൽ കൂടിയാണ് ചന്ദ്രയുടെ പ്രഹരമേൽക്കുന്നത്.
ദൈവ ശിലയുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്ന തിരുമേനിയിൽ നിന്ന് മിത്തോളജിയിലെ പേരിടാൻ സിനിമക്ക് അനുവാദമില്ലാത്ത കാലത്തിലൂടെ ആവിഷ്ക്കാര സ്വാതന്ത്ര്യം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീവാദ പുനരാഖ്യാനത്തിൻ്റെ കല്ലിയങ്കാട്ട് നീലിയെയാണ് ചന്ദ്രയിലൂടെ ഡൊമനിക് അരുണും, ശാന്തി ബാലചന്ദ്രനും വരച്ചിടുന്നത്. ഹോമറുടെ കാഴ്ച്ചപ്പാടിൽ നിന്നും മാറി ഒഡീസിയെ സ്ത്രീപക്ഷത്താക്കാനുള്ള ശ്രമങ്ങൾ പോലെ പുരുഷാധിപത്യപരമായ ഇരട്ടത്താപ്പുകളെ പ്രതിരോധിക്കുന്നു.
ഇരുണ്ട മേനിയുള്ള, മാംസാഹാരിയായ നീക്കിനിർത്തപ്പെട്ട സമൂഹത്തോടൊപ്പമുള്ള ദൈവങ്ങളെയും പരിഗണിക്കാൻ വിമുഖതകാണിക്കുന്ന സവർണാധിപത്യത്തിൻ്റെ നടുമുറ്റത്തേക്കാണ് ലോകയുടെ അടുത്ത സൂപ്പർ ഹീറോ എത്തുന്നത്. വെളിച്ചത്തിനപ്പുറം ഹൃദയവും ബലഹീനതയായി കണക്കാക്കുന്ന ചന്ദ്ര തുടങ്ങി നിരവധി തലങ്ങളിലൂടെ കഥാപാത്രം മുന്നോട്ട് പോകുന്നു. സണ്ണിയെ ജനവാതിലിലൂടെ ഉറ്റുനോക്കുന്ന ചന്ദ്ര, നൂറ്റാണ്ടുകളുടെ ജീവിതത്തിലേറെയും ഏകാന്തതയുടെ തുരുത്തിലേക്കെറിയപ്പെട്ട ചന്ദ്ര എന്നിവരെല്ലാം ആകാംഷയുണർത്തുന്ന കഥാപാത്രങ്ങളാണ്. ചാത്തൻമാർ വരും..
story_highlight: ലോക ചാപ്റ്റർ വൺ; ചന്ദ്ര, യക്ഷിക്കഥകളുടെ പുനർവായന സാധ്യമാക്കുന്നു.