ലോക്സഭാ തോൽവി: സർക്കാരിനെതിരെയുള്ള ജനവികാരം കാരണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി

Anjana

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ പരാജയത്തിന് കാരണം സർക്കാരിനെതിരെയുള്ള ജനവികാരമാണെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. സിപിഐഎം മധ്യമേഖല റിപ്പോർട്ടിങ്ങിലാണ് ഈ വിമർശനം ഉയർന്നത്. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ അവതരിപ്പിച്ചത്.

പാർട്ടിക്ക് ജനങ്ങളുമായുള്ള ജൈവ ബന്ധം നഷ്ടമായതായും, ജനങ്ങളെ മനസിലാക്കാൻ പാർട്ടിക്കു കഴിയുന്നില്ലെന്നും വിമർശനം ഉയർന്നു. പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലെ ചോർച്ച ഗൗരവത്തോടെ കാണണമെന്ന നിർദേശവും ഉണ്ടായി. ബംഗാളിലും ത്രിപുരയിലും ഇതാണു സംഭവിച്ചതെന്ന് മധ്യമേഖല റിപ്പോർട്ടിങ്ങിൽ പരാമർശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ മാസം ഏഴാം തീയതി ജില്ലാ തല റിപ്പോർട്ടിങ് ആരംഭിക്കും. താഴെ തട്ടിലുള്ള സിപിഐഎം പ്രവർത്തകരെ വരുന്ന തെരഞ്ഞെടുപ്പിനെ കൂടുതൽ കാര്യക്ഷമമായി നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേഖലാ റിപ്പോർട്ടിങ് പുരോഗമിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ തിരിച്ചറിഞ്ഞതായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ആവശ്യമായ തിരുത്തലുകൾ ഉണ്ടാകുമെന്നും, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തണോ എന്നതടക്കം അടുത്ത സംസ്ഥാന കമ്മറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.