നോർത്ത് ലണ്ടനിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാമിനെ തകർത്ത് ലിവർപൂൾ ശക്തമായ വിജയം നേടി. മൊഹമ്മദ് സലായുടെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ചെമ്പട വിജയിച്ചത്. ഈ ജയത്തോടെ ലിവർപൂൾ പ്രീമിയർ ലീഗിൽ നാല് പോയിന്റ് കൂടി സ്വന്തമാക്കി.
ആർനെ സ്ലോട്ടിന്റെ ടീം നോർത്ത് ലണ്ടനിൽ കലാപം സൃഷ്ടിക്കുകയായിരുന്നു. സലാ രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നൽകി മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ പ്രകടനത്തോടെ 229 ഗോളുകളുമായി സലാ ലിവർപൂളിന്റെ നാലാമത്തെ ടോപ് സ്കോററായി. ബില്ലി ലിഡലിനെ മറികടന്ന സലായുടെ മുന്നിൽ ഇയാൻ റഷ് (346), റോജർ ഹണ്ട് (285), ഗോർഡൻ ഹോഡ്സൺ (241) എന്നിവർ മാത്രമാണുള്ളത്.
ലിവർപൂളിന്റെ ലൂയിസ് ഡയസും ഇരട്ട ഗോൾ നേടി. അലക്സിസ് മാക് അലിസ്റ്ററും ഡൊമിനിക് സോബോസ്ലായിയും ഓരോ ഗോൾ വീതം സ്കോർ ചെയ്തു. 25 മത്സരങ്ങളിൽ 21 എണ്ണവും ജയിച്ച ലിവർപൂൾ കിരീടപ്പോരാട്ടത്തിൽ ലീഡ് ശക്തമാക്കാൻ ചെൽസിക്കെതിരെ ഒരു മത്സരം കൂടി കളിക്കാനുണ്ട്. 1997ന് ശേഷം ആദ്യമായാണ് ടോട്ടൻഹാം സ്വന്തം തട്ടകത്തിലെ ലീഗ് മത്സരത്തിൽ ആറ് ഗോളുകൾ വഴങ്ങുന്നത്. ജെയിംസ് മാഡിസൺ, ഡെജൻ കുലുസെവ്സ്കി, ഡൊമിനിക് സോളങ്കെ എന്നിവർ ടോട്ടൻഹാമിനായി സ്കോർ ചെയ്തു.
Story Highlights: Liverpool thrashes Tottenham 6-3 in Premier League with Salah’s masterclass performance