മലയാള സിനിമാ ലോകത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സംഗമമായിരുന്നു മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘മലൈക്കോട്ടേ വാലിബൻ’. എന്നാൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചില്ല. നിരവധി വിമർശനങ്ങൾക്കും സിനിമ വിധേയമായി. ഈ സാഹചര്യത്തിൽ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു അഭിമുഖത്തിനിടെ, ‘മലൈക്കോട്ടേ വാലിബൻ’ സിനിമയുടെ പരാജയം ഓർത്ത് മൂന്നാഴ്ച വരെ വിഷമിച്ചുവെന്ന് ലിജോ വെളിപ്പെടുത്തി. “പ്രതീക്ഷിച്ച പ്രതികരണമല്ല ചിത്രത്തിന് ലഭിച്ചത്. എന്നാൽ അതിനെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകൾ മാത്രമാണ്,” അദ്ദേഹം പറഞ്ഞു. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടിക്കാലം മുതൽ സിനിമയിൽ കണ്ട അതിഗംഭീര മുഹൂർത്തങ്ങൾ പുനരാവിഷ്കരിക്കാനാണ് ‘മലൈക്കോട്ടൈ വാലിബനിൽ’ ശ്രമിച്ചതെന്ന് ലിജോ വ്യക്തമാക്കി. “എന്റെ മനസിൽ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്,” അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാനും അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താനും സംവിധായകന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്തു കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നതു കൂടിയാകണം. അതും സംവിധാനത്തിൽപ്പെടും,” എന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി.
Story Highlights: Director Lijo Jose Pellissery opens up about the disappointment of ‘Malaikottai Vaaliban’ and his filmmaking philosophy.