ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടിയും നിർമാതാവുമായ സാന്ദ്ര തോമസും പ്രതികരണവുമായി രംഗത്തെത്തി. കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്നും നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
സിനിമാ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന റിപ്പോർട്ടിൽ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും അതിനർത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാതിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാന്ദ്ര കുറിച്ചു.
ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്നും ഈ അവസ്ഥ വന്നു ചേർന്നതിൽ എല്ലാ സിനിമാ സംഘടനകൾക്കും പങ്കുണ്ടെന്നും സാന്ദ്ര തോമസ് അഭിപ്രായപ്പെട്ടു. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Story Highlights: Lijo Jose Pellishery and Sandra Thomas respond to Hema Committee report on Malayalam film industry