ഇന്ത്യൻ കാർ വിപണിയിലേക്ക് ലീപ്മോട്ടോർ എത്തുന്നു. ജീപ്പിന്റേയും സിട്രണിന്റെയും മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സബ്-ബ്രാൻഡായ ലീപ്മോട്ടോർ ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ്. ഓസ്ട്രേലിയ, മലേഷ്യ, ന്യൂസിലാൻഡ്, റൊമാനിയ, ഫ്രാൻസ്, ഇറ്റലി, നേപ്പാൾ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ലീപ്മോട്ടോർ ഇതിനോടകം തന്നെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ലീപ്മോട്ടറിന്റെ നാല് ഇലക്ട്രിക് കാറുകളാണ് T03, B10, C10, C10 റീവ് എന്നിവ. ഇന്ത്യയിൽ ഏത് മോഡലാണ് എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ലീപ്മോട്ടറിന്റെ എൻട്രി ലെവൽ കാറായ T03 ആയിരിക്കും ഇന്ത്യയിലെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറിയ ഇലക്ട്രിക് ഹാച്ച്ബാക്കാണ് T03. 37.3 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 36 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന ഈ കാറിന് 12.7 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും.
KDDI 3.0 വോയ്സ് റെക്കഗ്നിഷനും ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളുമുള്ള ബ്രാൻഡിന്റെ ഒഎസ് ഇന്റലിജന്റ് കാർ സംവിധാനവും ലീപ്മോട്ടോർ T03 ഹാച്ച്ബാക്കിലുണ്ട്. ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി വളർന്നുവരുന്ന സാഹചര്യത്തിൽ ലീപ്മോട്ടറിന്റെ വരവ് ശ്രദ്ധേയമാണ്.
5-സീറ്റർ C10 ഇലക്ട്രിക് എസ്യുവി ആയിരിക്കും സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഇവി ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുക എന്നും സൂചനയുണ്ട്. 69.9 kWh ബാറ്ററി പായ്ക്കാണ് ഈ കാറിലുള്ളത്. WLTP സൈക്കിളിൽ 423 കിലോമീറ്റർ റേഞ്ചാണ് ലീപ്മോട്ടോർ C10 ഇലക്ട്രിക് എസ്യുവിയിൽ അവകാശപ്പെടുന്നത്.
7.5 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ C10 ഇവിക്കാവും. നിരവധി കമ്പനികൾ ഇവി വിപണിയിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ലീപ്മോട്ടറിന്റെ വരവ് വിപണിയിൽ കൂടുതൽ മത്സരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
Story Highlights: Leapmotor, a sub-brand of Stellantis, the parent company of Jeep and Citroen, is preparing to enter the Indian market.