യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ 10ന് ടി സിദ്ദിഖ് എംഎൽഎ, വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തി. ദേവാലയത്തിനുള്ളിൽ വൈദീകരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നും പരാതിയിലുണ്ട്.
ആരാധനാലത്തിനുള്ളിൽ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചതായും പരാതിയിൽ പറയുന്നു. ജനപ്രാധിനിത്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് യുഡിഎഫ് സ്ഥാനാർഥി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. ഈ സംഭവം തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് വാദിക്കുന്നു.
Story Highlights: LDF files complaint against Priyanka Gandhi for allegedly using religious symbols in election campaign