കുവൈറ്റിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സേവനങ്ങൾ എളുപ്പമാക്കുന്നതിനായി ‘സഹേൽ’ എന്ന പേരിൽ പുതിയൊരു ഓൺലൈൻ പ്ലാറ്റ്ഫോം കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അവതരിപ്പിച്ചു. തൊഴിൽ അപേക്ഷകളുടെ പുരോഗതിയും അംഗീകാരവും നിരസിക്കലും ഈ പ്ലാറ്റ്ഫോമിലൂടെ തൊഴിലാളികൾക്ക് ട്രാക്ക് ചെയ്യാൻ കഴിയും. അംഗീകൃത അപേക്ഷകളിൽ ഉൾപ്പെട്ട തൊഴിൽ കരാറിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്.
തൊഴിൽ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ആനുകൂല്യങ്ങൾ, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനും സഹേൽ പ്ലാറ്റ്ഫോം അവസരമൊരുക്കുന്നു. സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിൽ സമൂഹത്തെയും പുതിയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കുവൈറ്റ് മാൻപവർ അതോറിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യതകളുടെ അംഗീകാരത്തിനും തൊഴിൽ സംബന്ധിച്ച അക്കാദമിക് സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യുന്നതിനും സഹേൽ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാം. രാജ്യം വിട്ടുപോകാൻ തീരുമാനിച്ചവർക്കും മറ്റൊരു മേഖലയിലേക്ക് ജോലി മാറാൻ ആഗ്രഹിക്കുന്നവർക്കും നിലവിലെ വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള സൗകര്യവും ഈ പ്ലാറ്റ്ഫോമിലുണ്ട്. മൊബൈൽ ഐഡി ആപ്പ് വഴിയാണ് സഹേൽ മാൻപവർ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ ഉപയോഗിക്കേണ്ടത്.
Story Highlights: Kuwait launches ‘Sahel’ online platform for private sector workers to track job applications, file complaints, and access other services.