കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഇനി മുതൽ അവരുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസുകൾ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്ന് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഇത് നിലവിൽ വന്നത്. സാഹേൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പ് എന്നിവയിലൂടെ ലഭ്യമാകുന്ന ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസുകൾ സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ഇടപാടുകൾക്കും സാധുവായിരിക്കും.
അടുത്തിടെ, കുവൈത്ത് സർക്കാർ പ്രവാസികൾക്കുള്ള കാർഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസുകൾ നിർത്തലാക്കിയിരുന്നു. പകരം, സാഹേൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പ് എന്നിവയിലൂടെ ഡിജിറ്റൽ രൂപത്തിലുള്ള ലൈസൻസുകൾ നൽകി തുടങ്ങി. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ ലൈസൻസുകൾക്ക് പൂർണ അംഗീകാരം നൽകിക്കൊണ്ടുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്.
അതേസമയം, കുവൈത്തിൽ പ്രവാസികൾക്കുള്ള ബയോമെട്രിക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിക്കുകയാണ്. ഏകദേശം ഒരു വർഷത്തോളം സമയമാണ് ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അധികൃതർ അനുവദിച്ചിരുന്നത്. ഡിസംബർ 31-നു ശേഷവും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ സർക്കാർ ഇടപാടുകളും ബാങ്ക് ട്രാൻസാക്ഷനുകളും മരവിപ്പിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയതിനാൽ, പ്രവാസികൾ അടിയന്തിരമായി ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.
Story Highlights: Kuwait recognizes digital driving licenses for expatriates as official documents for all transactions.