വയനാട്ടിലെ പ്രമുഖ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് എട്ട് മാസത്തെ അടച്ചിടലിന് ശേഷം വീണ്ടും സഞ്ചാരികൾക്കായി തുറന്നു. ഹൈക്കോടതിയുടെ കർശന നിബന്ധനകൾക്ക് വിധേയമായാണ് ദ്വീപ് തുറന്നത്. പ്രതിദിനം 400 പേർക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. നേരത്തെയുണ്ടായിരുന്നതിന്റെ ഇരട്ടി നിരക്കിൽ 220 രൂപയാണ് ഒരാൾക്ക് പ്രവേശന ഫീസ്.
പാക്കത്ത് പോളും പടമലയിൽ അജീഷും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കുറുവാദ്വീപിലേക്കുള്ള പ്രവേശനം നിർത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മറ്റ് ഇക്കോടൂറിസം കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു. സർക്കാർ നൽകിയ അപ്പീലിനെ തുടർന്നാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള നടപടിയായത്.
സൂചിപ്പാറ, ചെമ്പ്രപീക്ക്, മീൻമുട്ടി, കാറ്റുകുന്ന്, ആനച്ചോല എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ അടുത്ത ദിവസം മുതൽ പ്രവേശിപ്പിക്കും. എന്നാൽ, ടിക്കറ്റ് വരുമാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഡിറ്റിപിസിയും വനംവകുപ്പും തമ്മിലുള്ള തർക്കം തുടരുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന ഉപാധിയോടെയാണ് കുറുവദ്വീപ് തുറന്നത്. അതേസമയം, നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
Story Highlights: Kuruva Island in Wayanad reopens after 8 months with strict High Court conditions and increased entry fees.