മുംബൈ: ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അപമാനിച്ചെന്ന കേസിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാംറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. കുനാൽ കാംറയുടെ കോമഡി ഷോയിൽ ഏക്നാഥ് ഷിൻഡെയെ വ്യക്തമായി അപമാനിച്ചെന്നാണ് പരാതി. ഖാർ പോലീസ് സ്റ്റേഷനിൽ ഇന്ന് ഹാജരാകാനാണ് കുനാൽ കാംറയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
കുനാൽ കാംറയുടെ 45 മിനിറ്റ് ദൈർഘ്യമുള്ള സ്റ്റാൻഡ് അപ്പ് കോമഡിയിൽ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ അക്ഷേപഹാസ്യത്തിലൂടെ വിമർശിക്കുകയായിരുന്നു. ശിവസേന പിളർത്തിയ ഷിൻഡെയെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഷിൻഡെയുടെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും ഉദ്ദേശിച്ചത് ആരെന്ന് വ്യക്തമായിരുന്നു.
ഷിൻഡെ അനുകൂലികൾ സ്റ്റുഡിയോ തല്ലിത്തകർത്ത സംഭവത്തെ ഏക്നാഥ് ഷിൻഡെ ന്യായീകരിച്ചു. കുനാലിന്റെ പ്രവൃത്തിയോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് കണ്ടതെന്നും തനിക്കെതിരെ പറയാൻ കുനാൽ പണം വാങ്ങിയെന്നും ഷിൻഡെ ആരോപിച്ചു. മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി സ്റ്റുഡിയോയുടെ ശേഷിച്ച ഭാഗങ്ങളും ഇടിച്ചു പൊളിച്ചു.
അക്രമസംഭവങ്ങളിൽ പങ്കെടുത്ത ചിലരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും വൈകീട്ടോടെ ജാമ്യം ലഭിച്ചു. ഭീഷണിക്കിടയിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് കുനാൽ. കോടതി പറഞ്ഞാൽ മാത്രമേ മാപ്പ് പറയൂ എന്നും കുനാൽ വ്യക്തമാക്കി.
കോമഡി ഷോ ചെയ്യുന്ന ഇടങ്ങൾ പൊളിക്കുമെങ്കിൽ കാലപ്പഴക്കം ചെന്ന മുംബൈയിലെ പാലങ്ങളിൽ പരിപാടി നടത്താമെന്നും കുനാൽ പരിഹസിച്ചു. അത് പൊളിച്ച് പണിതാൽ ജനങ്ങൾക്കെങ്കിലും ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Kunal Kamra faces police questioning for allegedly insulting Deputy Chief Minister Eknath Shinde during a stand-up comedy show.