സ്വർണക്കടത്തിൽ കെടി ജലീലിന്റെ വിവാദ പ്രസ്താവനയിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ജലീലിനെതിരെ കലാപഹ്വാനത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം എസ്പിക്ക് പരാതി നൽകി. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യുഎ റസാഖ് ആണ് പരാതി നൽകിയത്. ജലീലിന്റെ പ്രസ്താവന ഒരു നാടിനെയും, ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്തുന്നതാണെന്നും മത സ്പർദ്ധയുണ്ടാക്കി കലാപം ഉണ്ടാക്കലാണ് ജലീലിന്റെ ലക്ഷ്യമെന്നും പരാതിയിൽ പറയുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തി പിടിക്കപ്പെടുന്നവരിൽ 99 ശതമാനവും മുസ്ലീം നാമധാരികളാണെന്നായിരുന്നു ജലീലിന്റെ പ്രസ്താവന. തെറ്റ് ചെയ്യുന്നത് ഏത് മതവിഭാഗങ്ങളായാലും അതിനെ എതിർക്കണമെന്ന് ജലീൽ പറയുന്നു. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിർക്കാൻ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണെന്നും മുസ്ലിങ്ങളിലെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണെന്നും ഹൈന്ദവർക്കിടയിലെ അരുതായ്മകൾ പറയേണ്ടത് ഹൈന്ദവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ജലീലിന്റെ പരാമർശത്തിനെതിരെ രോഷം തുടരുകയാണ്. വിവാദ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ എസ്പി ഓഫീസ് മാർച്ച് സംഘർഷഭരിതമായി. പൊലീസ് രാജ് അവസാനിപ്പിക്കുക, മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നാളെ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും.
Story Highlights: Complaint filed against KT Jaleel for controversial statement on gold smuggling