കെഎസ്ആർടിസിയെ അപകടമുക്തമാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗതാഗത ബോധവത്കരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മന്ത്രി, ഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക ഡ്രൈവ് നടത്തുമെന്നും അറിയിച്ചു. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി നിർബന്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വിഫ്റ്റ് ഡ്രൈവർമാരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പ്രത്യേക ക്ലാസും മുന്നറിയിപ്പും നൽകുമെന്ന് മന്ത്രി അറിയിച്ചു. വാഹനങ്ങളുടെ പ്രശ്നങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക രജിസ്റ്റർ നൽകുമെന്നും, അതിൽ രേഖപ്പെടുത്തിയ പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെക്കാനിക്കൽ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചയിൽ, നിയമലംഘനം നടത്തി ആളെ കൊല്ലുന്ന സംഭവങ്ങൾ ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. വാഹനങ്ങൾ കൂട്ടിയിടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചാൽ ആർടിഒ വിലയിരുത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും, മരണം സംഭവിച്ചാൽ ആറുമാസത്തേക്ക് പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊലീസ് വെരിഫിക്കേഷനോടുകൂടി മാത്രമേ ഇനി ജീവനക്കാരെ തെരഞ്ഞെടുക്കാവൂ എന്ന നിർദേശവും മന്ത്രി നൽകി. എഐ ക്യാമറ വഴി 37 ലക്ഷം ചല്ലാൻ അച്ചടിച്ചിട്ടുണ്ടെന്നും, എന്നാൽ പ്രതിപക്ഷ നേതാവിന്റെ കേസ് കോടതിയിലുള്ളതിനാൽ ചെല്ലാൻ അയക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 25 ലക്ഷം ചല്ലാനുകൾ അയച്ചുകഴിഞ്ഞതായും, ബാക്കിയുള്ളവ അയക്കാൻ വ്യവസായ വകുപ്പുമായി ആലോചിച്ച് കെൽട്രോണിന്റെ സഹായം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Transport Minister K.B. Ganesh Kumar announces strict measures to make KSRTC accident-free, including license cancellation for drunk driving.