കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് കാളിയാംപുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. 25 പേർക്ക് പരുക്കേറ്റിട്ടുണ്ട്, അതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. പുല്ലൂരാം പാറയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് മറിഞ്ഞതായി യാത്രക്കാർ പറയുന്നു.
ആകെ 45 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും 22 പേരെ മുക്കത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. ബസിൽ കുടുങ്ങി കിടന്നവരെ മുഴുവൻ പുറത്തെത്തിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്. കാളിയാംപുഴയിൽ തിരച്ചിൽ ഊർജിതമായി തുടരുന്നു.
സംഭവത്തിൽ അടിയന്തരമായി അന്വേഷണ റിപ്പോർട്ട് നൽകാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിർദേശം നൽകി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്മാൻ പാലം അപകടാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നിരുന്നു.
Story Highlights: KSRTC bus falls into Kaliyampuzha river in Kozhikode, killing two women and injuring 25 others