തിരുവനന്തപുരം: നെടുമങ്ങാട്ട് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
നെടുമങ്ങാട് ചുള്ളിമാനൂർ ആട്ടുകാൽ ഷമീം മൻസിലിൽ ഷമീ(50)മിനെയാണ് വ്യാഴാഴ്ച രാത്രി 10.40ന് വീട്ടിലെ രണ്ടാമത്തെ നിലയിലെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ സഫിയ ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കെഎസ്ഇബി പോത്തൻകോട് സെക്ഷൻ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയറാണ് മരിച്ച ഷമീം. ഓഫിസിലെ ജോലി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ സർക്കിൾ കോൺഫറൻസിൽ പങ്കെടുത്ത ശേഷമായിരുന്നു ഷമീം വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. അടുത്തയിടെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ച ഷമീം പോത്തൻകോട് സെക്ഷൻ ഓഫിസിൽ ചുമതലയേറ്റ ശേഷം വലിയ സമ്മർദ്ദത്തിലായിരുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതായി ബന്ധുക്കൾ പൊലീസിനു മൊഴി നൽകി.
മുപ്പതിനായിരത്തോളം ഉപഭോക്താക്കളുള്ള വലിയ സെക്ഷനാണിത്. ഇവിടെ സഹായത്തിനുണ്ടായിരുന്ന സബ് എൻജിനീയറെ അടുത്തയിടെ സ്ഥലം മാറ്റിയത്തോടെ ഷമീം കൂടുതൽ സമ്മർദ്ദത്തിലായി. ഇതാകാം ആത്മഹത്യക്കു പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: A KSEB assistant engineer in Nedumangad was found dead in his home office, with his family suspecting foul play despite a suicide note citing work pressure.Output as title