കണ്ണൂർ മാടായി കോളജിലെ നിയമന വിവാദം പരിശോധിക്കാൻ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിലെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ കെ ജയന്ത്, അബ്ദുൾ മുത്തലിബ് എന്നിവരാണ് അംഗങ്ങൾ. ഉച്ചയോടെ ജില്ലയിലെത്തുന്ന സമിതി അംഗങ്ങൾ ഇരുപക്ഷത്തെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കോഴ ആരോപണം ഉന്നയിച്ച യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ടിവി നിതീഷ് അടക്കമുള്ളവരോടും സമിതിക്ക് മുന്നിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോളേജിൽ കോഴ വാങ്ങി രണ്ട് സിപിഐഎമ്മുകാർക്ക് നിയമനം നൽകി എന്നാണ് വിമത വിഭാഗം പ്രവർത്തകരുടെ ആരോപണം. കോളജ് ചെയർമാനായ എം കെ രാഘവൻ എംപിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ തിരുവിലിറങ്ങിയതോടെയാണ് പ്രശ്നം തണുപ്പിക്കാനുള്ള കെപിസിസി നീക്കം.
കോൺഗ്രസ് ഓഫീസിന്റെ ചുവരിലും നഗരത്തിലും എം കെ രാഘവന് മാപ്പില്ലെന്ന് പറയുന്ന പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. എന്നാൽ, എം കെ രാഘവനെതിരെ ഉയർന്ന പരസ്യ പ്രതിഷേധങ്ങൾ ശരിയായില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. എംപിക്കെതിരെ ഉയർന്ന ആരോപണങ്ങളെ തള്ളി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിലെത്തി വിവാദം പരിശോധിക്കുന്നത്.
Story Highlights: Madai college controversy; Committee appointed by KPCC in Kannur today