**കോഴിക്കോട്◾:** കോഴിക്കോട് തടമ്പാട്ട്താഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിനെ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി ബീച്ചിൽ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിലായിരുന്നു. പ്രമോദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദ് വാടകയ്ക്ക് താമസിച്ചിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കവേയാണ് പ്രമോദിന്റെ മൃതദേഹം കണ്ടെത്തുന്നത്. ചേവായൂർ പോലീസിന്റെ നേതൃത്വത്തിൽ പ്രമോദിനായി അന്വേഷണം തുടരുന്നതിനിടെയാണ് സംഭവം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സഹോദരിമാർ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നുവെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
സഹോദരിമാരിൽ ഒരാൾ മരിച്ചുവെന്ന് പ്രമോദ് തന്നെയാണ് പുലർച്ചെ 5 മണിയോടെ ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്ധുക്കളെ പ്രമോദ് തന്നെയാണ് വിവരം അറിയിച്ചതെങ്കിലും, പ്രഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതായിരുന്നു.
ഇതോടെ കേസിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Story Highlights: Accused in Kozhikode sisters’ death case found dead in Thalassery beach.