**കോഴിക്കോട്◾:** കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും തീപിടുത്തമുണ്ടായ സംഭവം പരിഭ്രാന്തി പരത്തി. നേരത്തെ ഷോർട്ട് സർക്യൂട്ട് മൂലം പുക ഉയർന്ന സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിന് മുമ്പാണ് വീണ്ടും തീപിടുത്തമുണ്ടായത്. ആറാം നിലയിലെ ഓപ്പറേഷൻ തീയറ്റർ സജ്ജമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് മൂന്നും നാലും ബ്ലോക്കുകളിലായി ഇരുപതോളം രോഗികളുണ്ടായിരുന്നു.
പുക ഉയരുന്നത് കണ്ട് രോഗികളും കൂട്ടിരിപ്പുകാരും ഓടി രക്ഷപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞവരും മറ്റ് രോഗികളും ആറാം നിലയിലുണ്ടായിരുന്നു. യൂറിൻ ബാഗുമായി ഓടി രക്ഷപ്പെട്ട രോഗികളുമുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുകയുടെ ഗന്ധം അനുഭവപ്പെട്ടതായും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.
എന്നാൽ ബ്ലോക്കിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നോ എന്ന കാര്യത്തിൽ ആശുപത്രി അധികൃതർക്ക് വ്യക്തതയില്ല. സംഭവത്തിൽ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സമഗ്ര പരിശോധനയ്ക്ക് ശേഷമേ രോഗികളെ പ്രവേശിപ്പിക്കാവൂ എന്ന് എം കെ രാഘവൻ എം പി ആവശ്യപ്പെട്ടു. നിലവിൽ തീ പൂർണമായും അണച്ചിട്ടുണ്ട്.
തീപിടുത്തം സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. ഫയർ ഓഡിറ്റിലും സേഫ്റ്റി ഓഡിറ്റിലും വീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആറും അഞ്ചും നിലകളിൽ പരിശോധന നടത്തുന്നതിനിടെ സീലിംഗ് ലൈറ്റിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. സമഗ്ര ഫയർ ഓഡിറ്റ് നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സബ് കളക്ടറുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരുടെ സംഘം അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ തുടർച്ചയായ തീപിടുത്തങ്ങളുടെ കാരണം സാങ്കേതിക അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. മെഷ്യനുകൾ പ്രവർത്തിപ്പിച്ചത് മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരുന്നുവെന്നും ഇലക്ട്രിക്കൽ വിഭാഗമാണ് പരിശോധന നടത്തി ഉറപ്പ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ട്, മൂന്ന്, നാല് നിലകളിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നു. അനുവാദമില്ലാതെ രോഗികളെ പ്രവേശിപ്പിച്ചതിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി കേട്ട ശേഷം മാത്രം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിൽഡിങ് പൂർണ സജ്ജമായ ശേഷം മാത്രം രോഗികളെ പ്രവേശിപ്പിക്കാനായിരുന്നു നിർദേശം നൽകിയിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: A fire broke out at Kozhikode Medical College while setting up an operation theatre, causing panic among patients and staff.