കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. നാല് ദിവസമായി മരുന്നു വിതരണം നിലച്ചിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് വിതരണക്കാരുടെ പരാതി. സൂപ്രണ്ടിനും മന്ത്രിക്കും പരാതി നൽകിയിട്ടും ചർച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് അവർ പറയുന്നു. 90 കോടിയിലധികം രൂപയാണ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്.
ഈ മാസം 10 മുതലാണ് മെഡിക്കൽ കോളേജിലേക്കുള്ള മരുന്നു വിതരണം നിർത്തിവെച്ചത്. ഒരു മാസത്തെ കുടിശ്ശികയായ നാല് കോടി രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. മുഴുവൻ തുകയും ലഭിക്കാതെ വിതരണം പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. ക്യാൻസർ രോഗികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലാണ്.
ന്യായവില മെഡിക്കൽ സ്റ്റോറുകളിൽ പല മരുന്നുകളും തീർന്നു. മരുന്നുകളുടെ ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി. പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Story Highlights: Medicine supply at Kozhikode Medical College has been stopped for four days due to unpaid dues.