**കോഴിക്കോട്◾:** കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടുത്തം. ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ഒരു തുണിക്കടയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമം തുടങ്ങി. തീ മറ്റ് കടകളിലേക്കും വ്യാപിച്ചതായി സൂചനയുണ്ട്.
കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് വൈകിട്ട് അഞ്ച് മണിയോടെ തീപിടിച്ചത്. ഗോഡൗണിൽ നിന്ന് സെയിൽസ് വിഭാഗത്തിലേക്ക് തീ പടരുകയാണ്. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
തീപിടിത്തത്തെ തുടർന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. ഒരു മണിക്കൂറിലേറെയായി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടർന്ന് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂടാതെ ചില ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കടയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു. തീപിടിത്തത്തിൽ ഒരു സ്കൂട്ടർ പൂർണ്ണമായി കത്തി നശിച്ചു. ആളിക്കത്തുന്ന തീ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.
അഗ്നിബാധയെ തുടർന്ന് കടകളിൽ നിന്ന് ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു. ആളപായം ഒഴിവാക്കാനായി അടുത്തുള്ള കടകളിലെ ജീവനക്കാരെയും ഉടമകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Story Highlights : Massive fire breaks out at a shop in Kozhikode’s new bus stand
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Story Highlights: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടുത്തം.