കോഴിക്കോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡോ. രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ആയി ചുമതലയേൽക്കും. നേരത്തെ രാജേന്ദ്രന്റെ സ്ഥലമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഓർഡർ തുടർന്നും നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബർ 9-ന് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ, സ്ഥലംമാറി എത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാതെ രാജേന്ദ്രൻ അതേ സ്ഥാനത്ത് തുടരുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് പ്രശ്നത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെട്ടത്. ഒരേ സമയം രണ്ടുപേർ ഡിഎംഒ ആയി ഓഫീസിലെ കാബിനിലിരുന്നത് വിവാദമായിരുന്നു. സ്ഥലംമാറ്റത്തിൽ കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്റ്റേ വാങ്ങിയിരുന്നെങ്കിലും, സ്റ്റേ നീക്കിയതിനെ തുടർന്നാണ് ഡോ. ആശാദേവി സ്ഥാനം ഏറ്റെടുക്കാൻ ഡിഎംഒ ഓഫീസിൽ എത്തിയത്.
സ്ഥലമാറ്റ ഉത്തരവിന് മുമ്പ് ഉദ്യോഗസ്ഥരെ കേൾക്കാത്ത ആരോഗ്യവകുപ്പിന്റെ നടപടിയെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്ന്, പരാതികൾ പരിഹരിച്ച് പുതിയ ഉത്തരവ് ഇറക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒരു മാസത്തിനുള്ളിൽ സ്ഥലംമാറ്റ ഉത്തരവിൽ പരാതിയുള്ളവരെ കേട്ട് പുതിയ നിയമന ഉത്തരവ് ഇറക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ. രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേൽക്കുന്നത്.
Story Highlights: Dr Rajendran to resume duties as Kozhikode DMO following High Court order