**പത്തനംതിട്ട◾:** കോന്നി പാറമടയിലുണ്ടായ ദുരന്തത്തില് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ബിഹാര് സ്വദേശിയായ അജയ് റായ് ആണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഹിറ്റാച്ചിയിലെ ക്യാബിനുള്ളില് മൃതദേഹം കണ്ടെത്തിയത്.
അപകടത്തില്പ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര് അജയ് റായ്, സഹായി മഹാദേശ് എന്നിവരില് ഒരാളായ മഹാദേശിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. കോന്നി പയ്യനാമണ്ണില് പാറമടയിലുണ്ടായ അപകടത്തില്പ്പെട്ടാണ് ഇരുവരും മരിച്ചത്. ഫയര് ഫോഴ്സും എന്ഡിആര്എഫും ചേര്ന്ന് നടത്തിയ തിരച്ചിലിലാണ് അജയ് റായിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള് അതിസാഹസികമായി പുരോഗമിക്കുകയാണ്. ഇപ്പോള് ഉദ്യോഗസ്ഥര് നില്ക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 15 മുതല് 20 അടിയോളം താഴേക്കിറങ്ങിയാല് മാത്രമേ മൃതദേഹത്തിനടുത്ത് എത്താനാകൂ. ഫയര് ഫോഴ്സ് സ്പെഷ്യല് ടാസ്ക് ഫോഴ്സിന്റേയും എന്ഡിആര്എഫിന്റേയും ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്ത്തനത്തില് പങ്കാളികളാകുന്നത്.
കൊല്ലത്തുനിന്ന് ലോങ് ബൂം എസ്കവേറ്റര് എത്തിച്ച് അവശിഷ്ടങ്ങള് നീക്കം ചെയ്ത് പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ ഫയര് ഫോഴ്സിന് സംശയം തോന്നുകയും മാധ്യമങ്ങളുടെ ആകാശ ദൃശ്യങ്ങള് പരിശോധിച്ച ശേഷം ഹിറ്റാച്ചിയുടെ ക്യാബിനുള്ളില് ശരീരഭാഗം ഉള്ളതായി സ്ഥിരീകരിക്കുകയുമായിരുന്നു.
കനത്ത ഇരുട്ടും വലിയ പാറക്കെട്ടുകളും രക്ഷാപ്രവര്ത്തനത്തിന് വെല്ലുവിളിയുയര്ത്തുന്നുണ്ട്. ഫയര് ഫോഴ്സ് ഉദ്യോഗസ്ഥരായ അമല്, ജിത്തു, ദിനുമോന് എന്നിവരാണ് വടംകെട്ടി താഴേക്കിറങ്ങി മൃതദേഹം പുറത്തെടുക്കാന് ശ്രമിക്കുന്നത്. താഴ്ഭാഗത്തുനിന്ന് മൃതദേഹം പുറത്തെടുക്കാന് തീവ്രശ്രമങ്ങള് നടക്കുകയാണ്.
Story Highlights: പത്തനംതിട്ട പാറമടയിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി.