കൊങ്കൺ പാത വീണ്ടും ഗതാഗത യോഗ്യമായി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് പാതയിൽ വെള്ളക്കെട്ടും ചളി അടിയുകയും ചെയ്ത് ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്. എന്നാൽ രാത്രി 8:30 ഓടെ തുരങ്കത്തിലെ ചളിയും മറ്റും നീക്കുന്ന പ്രവർത്തി പൂർത്തിയായി. ഏകദേശം 17 മണിക്കൂറോളം നീണ്ടുനിന്ന ദൗത്യമാണ് ഇപ്പോൾ വിജയകരമായി പൂർത്തീകരിച്ചത്.
മഴയെ തുടർന്ന് ഗോവയിലെ പെർണം തുരങ്കത്തിൽ വെള്ളമിറങ്ങിയതാണ് ട്രെയിനുകൾ വൈകാനും വഴിതിരിച്ചു വിടാനും കാരണമായത്. ഇന്ന് യാത്ര തുടങ്ങിയ ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ വഴി തിരിച്ചുവിട്ട ട്രെയിനുകൾ മുൻ നിശ്ചയിച്ച രീതിയിൽ തന്നെ യാത്ര തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
നിലവിൽ മുംബൈക്കും ഗോവക്കുമിടയിലുള്ള ചില ട്രെയിനുകൾ നാളെയും റദ്ദായിരിക്കുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും, ചളിയും മണ്ണും നീക്കുന്ന പ്രവർത്തി പൂർത്തിയായതോടെ ട്രെയിൻ യാത്ര ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാർ റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.