കൊച്ചി സ്മാര്ട്ട് സിറ്റി പദ്ധതിയില് നിന്ന് ടീകോമിനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. നഷ്ടപരിഹാരമല്ല നല്കുന്നതെന്നും, 84 ശതമാനം ഇക്വിറ്റിയുടെ മൂല്യം കണക്കാക്കി നല്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള നിലപാടാണിതെന്നും, സര്ക്കാരിന് അധിക ബാധ്യതയില്ലാതെ എങ്ങനെ നല്കാനാകുമെന്നാണ് നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സുതാര്യമായ രീതിയില് തന്നെ പ്രവര്ത്തനങ്ങള് നടക്കുമെന്ന് ഉറപ്പുനല്കിയ മന്ത്രി, കമ്പനി നിയമങ്ങള് പരിശോധിച്ച് വീഴ്ച കണ്ടെത്തിയാല് മുന്നോട്ട് വരാന് ആവശ്യപ്പെട്ടു. കരാര് വ്യവസ്ഥയില് നിന്ന് വ്യത്യസ്തമായി ഒന്നും ഉണ്ടാകില്ലെന്നും, സര്ക്കാരിന് ചെലവായ പണം ഈടാക്കാനേ പറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമി എത്രയും വേഗം ഏറ്റെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ടീകോമുമായി ധാരണയെത്തിയതായും, 84 ശതമാനം ഓഹരിക്ക് തുല്യമായ കുറഞ്ഞ തുക നല്കാനാണ് ശ്രമിക്കുന്നതെന്നും പി രാജീവ് വെളിപ്പെടുത്തി. തര്ക്കത്തിലേക്ക് പോയാല് ഭൂമി അങ്ങനെ കിടക്കുമെന്നും, ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും അദ്ദേഹം ഉറപ്പുനല്കി. ടീകോമിന് നഷ്ടപരിഹാരം നല്കാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തിലായിരുന്നു. പദ്ധതിയില് വീഴ്ച വരുത്തിയാല് ടീകോമില് നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് കരാറില് വ്യവസ്ഥയുളളപ്പോഴാണ് അങ്ങോട്ട് നഷ്ടപരിഹാരം നല്കാനുള്ള മന്ത്രിസഭയുടെ തീരുമാനം വന്നത്. ഈ നടപടിയില് അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Story Highlights: Kerala Industries Minister P Rajeev clarifies on Kochi Smart City project controversy with Tecom