കണ്ണൂര് ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി എല്ഡിഎഫിന്റെ അഡ്വ. കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. 16 വോട്ടുകള് നേടിയാണ് രത്നകുമാരി വിജയിച്ചത്. എതിര് സ്ഥാനാര്ത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടുകള് ലഭിച്ചു. പി പി ദിവ്യ വോട്ടെടുപ്പില് പങ്കെടുത്തില്ല. ജാമ്യ വ്യവസ്ഥ കാരണമാണ് ദിവ്യ വോട്ട് ചെയ്യാന് എത്താതിരുന്നതെന്നാണ് വിശദീകരണം. എന്നാല് രത്നകുമാരിക്ക് അഭിനന്ദനങ്ങള് അറിയിച്ചുകൊണ്ട് ദിവ്യ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
ജില്ലാ കളക്ടറുടെ മേല്നോട്ടത്തിലായിരുന്നു വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് റിപ്പോര്ട്ട് ചെയ്യാന് എത്തിയ മാധ്യമപ്രവര്ത്തകരെ വരണാധികാരിയായ കളക്ടറുടെ നിര്ദേശപ്രകാരം പൊലീസ് തടഞ്ഞത് വിവാദമായി. കണ്ണൂര് ജില്ലാ പഞ്ചായത്തിന്റെ 24 അംഗ ഭരണസമിതിയില് 17 അംഗങ്ങള് എല്.ഡി.എഫും ഏഴ് അംഗങ്ങള് യു.ഡി.എഫുമാണ്. നേരത്തെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു രത്നകുമാരി.
നവീന് ബാബുവിന്റെ മരണത്തില് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചത്. ഈ ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. എഡിഎം നവീന് ബാബുവിന്റെ ആത്മഹത്യയില് കലാശിച്ച വിവാദ യാത്രയയപ്പ് കഴിഞ്ഞ് ഇന്നേക്ക് ഒരു മാസം പൂര്ത്തിയാവുകയാണ്. അതേ ദിവസം തന്നെയാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 3 വര്ഷവും 10 മാസവും കണ്ണൂര് ജില്ലാ പ്രസിഡന്റ് ആയിരിക്കവേ തനിക്ക് പിന്തുണ നല്കിയവര്ക്ക് ദിവ്യ നന്ദി അറിയിച്ചിട്ടുണ്ട്.
Story Highlights: LDF’s Adv. KK Ratnakumari elected as new President of Kannur District Panchayat with 16 votes