മുനമ്പം◾: കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം ഒമ്പതിന് മുനമ്പം സന്ദർശിക്കും. വഖഫ് നിയമ ഭേദഗതിക്കു ശേഷമുള്ള സന്ദർശനമായതിനാൽ പ്രാധാന്യം ഏറുന്നു. വൈകുന്നേരം നാല് മണിക്ക് എൻഡിഎ എറണാകുളം ജില്ലാ കമ്മിറ്റി പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രിയുടെ ആഗമനം. മുനമ്പം ജനത വമ്പിച്ച സ്വീകരണമൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുനമ്പം നിവാസികൾക്ക് വഖഫ് ബില്ല് ഗുണകരമാകുമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. എന്നാൽ, നിയമത്തിന് മുൻകാല പ്രാബല്യമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലും ബില്ലിന്മേലുള്ള ചർച്ചകളിൽ മുനമ്പം വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ബില്ലിനെ അനുകൂലിച്ചവരുടെയും എതിർത്തവരുടെയും പേരുകൾ മുനമ്പം സമര പന്തലിൽ പ്രദർശിപ്പിച്ചിരുന്നു.
വഖഫ് ബിൽ പാസായതിനെത്തുടർന്ന് മുനമ്പത്ത് വൻ ആഘോഷങ്ങളാണ് നടന്നത്. കേന്ദ്രസർക്കാരിനെ പ്രശംസിച്ച് പ്രതിപക്ഷത്തെ വിമർശിച്ചു സമരസമിതി രംഗത്തെത്തി. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളികളുയർത്തിയായിരുന്നു ആഘോഷം. സുരേഷ് ഗോപിയുടെ ചിത്രത്തിനു താഴെ ‘താങ്ക്യൂ സർ’ എന്നെഴുതി പ്രദർശിപ്പിച്ചിരുന്നു.
14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ രാജ്യസഭയും പാസാക്കിയത്. വോട്ടെടുപ്പിൽ 128 പേർ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും ബിൽ പാസാക്കിയതോടെ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. രാഷ്ട്രപതി ഒപ്പുവച്ചാൽ ബിൽ നിയമമാകും. എംപിമാരെ തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിലായിരുന്നു സമരപന്തലിൽ പേരുകൾ രേഖപ്പെടുത്തിയിരുന്നത്.
Story Highlights: Union Minister Kiren Rijiju will visit Munambam on the 9th of this month following the amendment of the Wakf Act.