കന്നഡ നടൻ കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവിന്റെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. ജയ നഗറിലെ അപ്പോളോ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് സരോജ സഞ്ജീവ് അന്തരിച്ചത്. സംസ്‌കാര ചടങ്ങിനിടെയുണ്ടായ ജനക്കൂട്ടത്തിന്റെ പെരുമാറ്റം കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതായി താരത്തിന്റെ മകൾ സാൻവി വ്യക്തമാക്കി.
സാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, ഇന്ന് തങ്ങളുടെ കുടുംബത്തിന് ഏറെ വേദന നിറഞ്ഞ ദിവസമായിരുന്നുവെന്നും അമ്മയുടെ വേർപാടിൽ വേദനിക്കുന്ന സമയത്ത് പോലും ആളുകളുടെ ഉന്തും തള്ളും തന്റെ അച്ഛന് നേരിടേണ്ടി വന്നുവെന്നും പറഞ്ഞു. മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ തങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വന്നതായും അവർ കുറിച്ചു. വേദനിക്കുമ്പോൾ മുഖത്തേക്ക് ക്യാമറകൾ സൂം ചെയ്തതും, എങ്ങനെയാണ് ആളുകൾക്ക് ഇത്രത്തോളം മനുഷ്യത്വരഹിതരാകാൻ കഴിയുന്നതെന്നും സാൻവി ചോദിച്ചു.
അതേസമയം, മുൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെയെ കെട്ടിപ്പിടിച്ച് കരയുന്ന കിച്ച സുദീപിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കിച്ച സുദീപിൻ്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ബസവരാജ് ബൊമ്മെെ. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉൾപ്പടെ നിരവധി ആളുകൾ നടനെ സാന്ത്വനിപ്പിക്കാൻ എത്തിയിരുന്നു.
Story Highlights: Kiccha Sudeep’s daughter Sanvi expresses distress over crowd behavior during mother’s funeral