പാലക്കാട് കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനയ്ക്കിടെ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ മുറികളിലുണ്ടായിരുന്ന വനിതാ നേതാക്കൾ നേരിട്ട് പരാതി നൽകിയിട്ടില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഹോട്ടലിൽ താമസിച്ചിരുന്ന കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിലാണ് പൊലീസിന്റെ രാത്രി പരിശോധന നടന്നത്. ഐഡി കാർഡ് പോലും കാണിക്കാതെ വനിതാ പൊലീസിനോടൊപ്പമല്ലാതെ പുരുഷ പൊലീസ് മാത്രമായി പരിശോധനയ്ക്കെത്തിയെന്നതായിരുന്നു പ്രധാന പരാതി. പുരുഷ പൊലീസ് വനിതാ നേതാക്കളുടെ ബാഗുകൾ പരിശോധിച്ചെന്നും ആരോപണമുയർന്നിരുന്നു.
അതേസമയം, സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടുതൽ ചർച്ചയായ പശ്ചാത്തലത്തിൽ സീരിയൽ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും പരിശോധിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അറിയിച്ചു. സീരിയൽ മേഖലയിൽ സെൻസറിങ് അനിവാര്യമാണെന്നും മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് 2017-18 കാലത്ത് നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സീരിയലുകൾ ചില തെറ്റായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നുണ്ടെന്നും, സീരിയൽ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികളിൽ നടപടി സ്വീകരിച്ചുവരികയാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ വ്യക്തമാക്കി.
Story Highlights: Women’s Commission seeks report on police raid of Congress women leaders’ rooms in Palakkad