ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് കേരള വാട്ടർ അതോറിറ്റി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിരിക്കുന്നു. തീർഥാടകർക്കായി പമ്പ മുതൽ സന്നിധാനം വരെ എട്ടു സംഭരണികളിലായി ഏകദേശം 68 ലക്ഷം ലിറ്റർ ജലം സംഭരിച്ചിട്ടുണ്ട്. താൽക്കാലിക ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയിൽ റിവേഴ്സ് ഓസ്മോസിസ് (ആർഒ) പ്ലാന്റുകൾ വഴി ജലം ശുദ്ധീകരിച്ച് മണിക്കൂറിൽ 35,000 ലിറ്റർ ശുദ്ധജലം വിതരണം ചെയ്യും.
ആർഒ പ്ലാന്റുകളിൽ നിന്നു പൈപ്പുകൾ സ്ഥാപിച്ച് 103 കിയോസ്കുകളിലായി 270 ടാപ്പുകൾ വഴിയാണ് തീർത്ഥാടകർക്ക് കുടിവെള്ളം വിതരണം നടത്തുന്നത്. നിലയ്ക്കൽ ബേസ് ക്യാംപിൽ വാട്ടർ അതോറിറ്റിയുടെ, മണിക്കൂറിൽ 1000 ലിറ്റർ ശേഷിയുള്ള 28 ആർഒ പ്ലാന്റുകളിൽ നിന്നുള്ള ജലം വിതരണം നടത്തുന്നതിന് ഏകദേശം 20 കിലോമീറ്റർ പിവിസി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 80 കിയോസ്കുകളിൽ 226 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതൽ കിയോസ്കുകൾ സ്ഥാപിക്കാനാണ് തീരുമാനം.
പമ്പാ ത്രിവേണിയിലെ ഇൻടേക്ക് പമ്പ് ഹൗസിൽ നിന്ന് പ്രഷർ ഫിൽട്ടർ വഴി ശുദ്ധീകരിക്കുന്ന ജലം, പമ്പ ഭൂതലസംഭരണിയിൽ ശേഖരിച്ച് ക്ലോറിനേഷൻ നടത്തി പമ്പാമേഖലയിലും നീലിമലബോട്ടം പമ്പ് ഹൗസിലും തുടർന്ന് നീലിമലടോപ്പ് പമ്പ് ഹൗസ്, അപ്പാച്ചിമേട് പമ്പ് ഹൗസ് വഴി ശരംകുത്തി സംഭരണിയിലും സന്നിധാനം ദേവസ്വം സംഭരണികളിലേക്കും ശേഖരിച്ച് സന്നിധാനത്തും കാനനപാതയിലും ജലവിതരണം ക്രമീകരിച്ചിരിക്കുന്നു. ശബരിമല, പാണ്ടിത്താവളം എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് 1.90 എംഎൽഡി ജലം ഏഴു ടാങ്കുകളിലായി സംഭരിച്ചു വിതരണം നടത്തുന്നുണ്ട്.
Story Highlights: Kerala Water Authority completes preparations for smooth water distribution during Sabarimala pilgrimage season