കേരളം സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ന് മണിപ്പൂരിനെതിരെ സെമിഫൈനലിൽ മത്സരിക്കും. ഹൈദരാബാദിലെ ജിഎൻസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ കേരളം വിജയിച്ചാൽ 16-ാം തവണയാണ് ഫൈനലിൽ എത്തുന്നത്. കശ്മീരിനെതിരായ ക്വാർട്ടർ ഫൈനലിൽ നസീബ് റഹ്മാന്റെ ഏക ഗോളിലാണ് കേരളം സെമിയിലേക്ക് മുന്നേറിയത്.
കേരളത്തിന്റെ പ്രധാന സ്ട്രൈക്കർ ഗനി അഹമ്മദ് നിഗം പരിക്കിൽ നിന്ന് മുക്തനാകാത്തതും മുഹമ്മദ് അജ്സലിന്റെ മോശം ഫോമും ടീമിന് ആശങ്കയാണ്. എന്നാൽ, മുതിർന്ന താരം നിജോ ഗിൽബർട്ട് ചെറിയ പനി മാറി സെമിയിൽ കളിക്കുമെന്നത് ആശ്വാസകരമാണ്. പെനാൽറ്റി ഷൂട്ടൗട്ടിനായി പ്രത്യേക പരിശീലനം നടത്തിയാണ് കേരളം മത്സരത്തിനൊരുങ്ങുന്നത്.
മണിപ്പൂരിന്റെ കരുത്ത് മുഴുവൻ സമയവും ഒരേ വേഗതയിൽ കളിക്കാനുള്ള കഴിവാണ്. വേഗത്തിലൂടെ എതിർ പ്രതിരോധ നിരയിൽ വിള്ളൽ വീഴ്ത്തിയാണ് അവർ സെമിയിലെത്തിയത്. എന്നാൽ, മണിപ്പൂരിനെ മറികടക്കാനുള്ള കരുത്ത് കേരളത്തിനുണ്ടെന്ന് കോച്ച് ബിബി തോമസ് പറഞ്ഞു. അതേസമയം, കേരളത്തിന്റെ കളിശൈലി മനസ്സിലാക്കി തയ്യാറെടുത്തതായും മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മണിപ്പൂർ കോച്ച് കമേയ് ജോയ് റോങ്മേ അഭിപ്രായപ്പെട്ടു. ഏഴു തവണ കിരീടം നേടിയ കേരളം എട്ടാം നേട്ടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2022-ൽ അവസാനമായി കിരീടം നേടിയ കേരളം ഇത്തവണയും വിജയിക്കുമോയെന്ന് കാത്തിരുന്നു കാണാം.
Story Highlights: Kerala aims for 8th Santosh Trophy title in semi-final against Manipur