തിരുവനന്തപുരം◾: കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും ചില വൈസ് ചാൻസലർമാരും ചേർന്ന് ചട്ടവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാത്ത അധികാര പ്രയോഗങ്ങളും നടത്തുകയാണെന്ന് ഹൈക്കോടതി വിധിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. സർവകലാശാലകളുടെ പ്രവർത്തനം സമാധാനപരമാക്കാൻ ചാൻസലറായ ഗവർണർ മുന്നോട്ട് വരണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. നിയമപരമായ പ്രവർത്തനങ്ങൾ മാത്രം നടത്താൻ ഗവർണറും വിസിമാരും തയ്യാറാകണമെന്നും പ്രസ്താവനയിൽ പറയുന്നു.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിട്ടുണ്ട്. താൽക്കാലിക വിസി നിയമനം നടത്തേണ്ടത് സർക്കാർ പാനലിൽ നിന്നാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. സമാനമായ ഒട്ടേറെ വിധികൾ കാറ്റിൽ പറത്തിയാണ് ഗവർണർ തുടർച്ചയായി നിയമവിരുദ്ധ നിയമനങ്ങൾ നടത്തുന്നതെന്നും സി.പി.ഐ.എം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്ന സർവകലാശാലകളിൽ നിയമപരമായി അർപ്പിതമായ അധികാരം ഉപയോഗിക്കാനും അക്കാദമികമായ നവീകരണ പ്രവർത്തനങ്ങൾ നടത്താനും കഴിയണം. എന്നാൽ, ഗവർണറും അദ്ദേഹം നിയോഗിച്ച താൽക്കാലിക വിസിമാരും ചേർന്ന് ഇത് തടയുന്നത് സർവകലാശാലകളെ സംഘർഷത്തിലേക്ക് തള്ളിവിടുന്നതിന് കാരണമാകുന്നു. ആർഎസ്എസ്സിന് സർവകലാശാലകളെ കൈപ്പിടിയിലാക്കാൻ ചാൻസലർ എന്ന അധികാരം ഉപയോഗിച്ച് താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിക്കുന്നു. ചട്ടവിരുദ്ധ പ്രവർത്തനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സി.പി.ഐ.എം വ്യക്തമാക്കി.
നിരവധിയായ നവീന പരിഷ്കാരങ്ങളും കോഴ്സുകളും ആരംഭ ദശയിലാണ്. കോടതി ഇപ്പോൽ പറഞ്ഞുവിട്ടവരടക്കം പല താൽക്കാലിക വിസിമാരും സർവ്വകലാശാലകളുടേയോ കുട്ടികളുടേയോ ഭാവിയല്ല, മറിച്ച് ഗൂഢ താൽപര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. ഈ ഘട്ടത്തിൽ കോടതികളുടെ നിർദ്ദേശം കൂടി പരിഗണിച്ച് നിയമപരമായ പ്രവർത്തനങ്ങളിലേക്ക് സർവകലാശാലകളെ എത്തിക്കാൻ ഗവർണർ തയ്യാറാകണം.
മൂൻപുണ്ടായിരുന്ന ദുരവസ്ഥയിൽ നിന്ന് സർവകലാശാലകളും കോളജുകളും ഉന്നതമായ സ്ഥാനങ്ങളിലേക്ക് എത്തുന്നുവെന്ന് കേന്ദ്ര ഏജൻസികളുടെ റാങ്കിങ് വ്യക്തമാക്കുന്നുണ്ട്. അത് ഇനിയും മുന്നേറേണ്ടതുണ്ട്.
പലയിടത്തുനിന്നും ഫയലുകൾ കൂട്ടത്തോടെ എടുത്ത് ദുരുപയോഗം ചെയ്യുകയും തെറ്റായ വാർത്തകൾ നൽകുകയും ചെയ്തു. അവരോടൊക്കെ ഏറ്റവും സമാധാനപൂർവമായ പ്രതിഷേധ സമരങ്ങളിലൂടെയാണ് വിദ്യാർത്ഥികളും യുവസമൂഹവും പ്രതികരിച്ചത്. നിയമപരമായ പ്രവർത്തനങ്ങൾ മാത്രം നടത്താൻ ഗവർണറും വിസിമാരും തയ്യാറാകണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
അത്തരം അന്തരീക്ഷം തുടർന്നു പോകുന്നത് അക്കാദമിക രംഗത്തെ സമാധാനത്തിന് ഉതകുന്നതല്ല. സത്യാവസ്ഥ മനസിലാക്കി സർവകലാശാലകളുടെ പ്രവർത്തനം സമാധാനപൂർണമാക്കാൻ ചാൻസലറായ ഗവർണർ മുന്നോട്ടുവരണം.
Story Highlights : ‘Stop politicizing universities’: CPI(M)
Story Highlights: സർവകലാശാലകളെ രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.