കെഎസ്ആർടിസിയുടെ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ യാത്ര നടത്തി. തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കര വരെയുള്ള യാത്രയിൽ മന്ത്രിയുടെ കുടുംബവും പങ്കെടുത്തു. സർവീസ് വിലയിരുത്താനായിരുന്നു ഈ യാത്ര. സർവീസ് വിജയകരമാണെന്നും കൂടുതൽ ബസുകൾ ഉടൻ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് അത്യാധുനിക സൗകര്യങ്ങളുള്ള കെഎസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകൾ സർവീസ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 10 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സൗകര്യത്തിന് പുറമെ സൗജന്യ വൈഫൈ, എൻറർടെയ്ൻമെൻറ് സൗകര്യങ്ങൾ, ആധുനിക സീറ്റിങ് സംവിധാനങ്ങൾ, സിസിടിവി തുടങ്ങി നിരവധി സൗകര്യങ്ങളും ബസിൽ ഉണ്ട്. ഡ്രൈവർമാരെ നിരീക്ഷിക്കാനുള്ള ക്യാമറ സൗകര്യങ്ങളും പ്രധാന പ്രത്യേകതയാണ്.
തിരുവനന്തപുരം-തൃശൂർ, തിരുവനന്തപുരം-പാലക്കാട്, തിരുവനന്തപുരം-തൊടുപുഴ റൂട്ടുകളിലാണ് നിലവിൽ ബസുകൾ സർവീസ് നടത്തുന്നത്. കൂടുതൽ ബസുകൾ എത്തിയാൽ മറ്റു റൂട്ടുകളിലേക്കും സർവീസ് നടത്തും. പുതിയ വാഹനം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ നടപടി എടുക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Transport Minister K B Ganesh Kumar travels in KSRTC’s new premium superfast AC bus to evaluate service