കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ വിരിയുകയാണ്. സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന് നടക്കും. രാവിലെ 9:30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും. കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ പരീക്ഷണ സർവീസ്. ഇന്നലെ തന്നെ ജലവിമാനം ബോൾഗാട്ടി കായലിൽ എത്തിച്ചിരുന്നു.
ടൂറിസത്തിന് പുറമേ അടിയന്തരഘട്ടങ്ങളിലും സീപ്ലെയിനെ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. അതിന് മുന്നോടിയായാണ് ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കൽ നടക്കുന്നത്. ആറു മാസത്തിനകം പദ്ധതി കൊമേഴ്സ്യൽ ട്രാൻസ്പോർട്ടേഷനായി കൊണ്ടുവരാനാണ് പദ്ധതി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സീപ്ലെയിൻ, വൻ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ കോളിളക്കങ്ങൾക്കും ശേഷം വീണ്ടും യാഥാർഥ്യമാകുകയാണ്.
2013-ൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ ആരംഭിച്ച പദ്ധതി, പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ പദ്ധതിയോട് മുഖം തിരിച്ചെങ്കിലും, രണ്ടാം പിണറായി സർക്കാരിൽ ടൂറിസം മന്ത്രിയായി മുഹമ്മദ് റിയാസ് എത്തിയതോടെ, പദ്ധതിക്ക് വീണ്ടും ചിറകുമുളച്ചു. പ്രതിഷേധക്കാരുമായി സർക്കാർ സമവായത്തിലെത്തി. മാലദ്വീപ് മാതൃകയിൽ ടൂറിസം പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Story Highlights: Kerala’s sea plane project takes off with test flight from Kochi to Idukki