സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ തന്നെ ഈ തീരുമാനം അറിയിച്ചിരുന്നു.
അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. ഇത്തവണ ഒക്ടോബർ 10ന് വൈകുന്നേരമാണ് പൂജവെയ്പ് നടക്കുന്നത്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാലാണ് ഈ മാറ്റം.
11, 12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾ നടക്കും. തുടർന്ന് 13ന് രാവിലെയാണ് വിജയദശമി പൂജ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 വെള്ളിയാഴ്ച കൂടി അവധി നൽകാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് വൈകിട്ടോടെയാണ് പുറത്തിറക്കിയത്.
Story Highlights: Kerala Education Department announces Navratri holiday for all schools on October 11