കേരളത്തിലെ അപൂർവ്വ രോഗബാധിതരുടെ വിവരശേഖരണം ഈ വർഷം യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അപൂർവ്വ രോഗ ചികിത്സാ വിദഗ്ധരുടെ ശിൽപശാല മസ്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ശലഭം പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ വൈകല്യങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം കോഴിക്കോട് അപൂർവ്വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജന്മനായുള്ള വൈകല്യങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങൾക്ക് നൽകി വരുന്ന ചികിത്സയിൽ 90 ശതമാനത്തിലധികം സർവൈവൽ റേറ്റുള്ളതായും മന്ത്രി വ്യക്തമാക്കി.
അപൂർവ്വ രോഗ പരിചരണ മേഖലയിൽ പുത്തൻ ചുവടുവയ്പ്പാണ് കേരളം നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2024 ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ അപൂർവ്വ രോഗങ്ങൾക്കായുള്ള കെയർ പദ്ധതി ആരംഭിച്ചത്. കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പരിശ്രമമാണ് സർക്കാർ നടത്തി വരുന്നത്.
ജന്മനായുള്ള ഹൃദ്രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ 7916 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി മന്ത്രി വ്യക്തമാക്കി. 2024ൽ എസ്.എ.ടി. ആശുപത്രിയിൽ അപൂർവ്വ രോഗങ്ങൾക്കുള്ള എൻസൈം റീപ്ലേസ്മെന്റ് തെറാപ്പി ആരംഭിച്ചു. ഇപ്പോൾ 106 രോഗികൾക്ക് വിലയേറിയ ചികിത്സ നൽകി വരുന്നു.
ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യ വികസനം, ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥത, നവോത്ഥാന മുന്നേറ്റം എന്നിവ കാരണം ആരോഗ്യ രംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എസ്എടി ആശുപത്രിയെ അപൂർവ്വ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസാക്കി മാറ്റിയെന്നും മന്ത്രി പറഞ്ഞു.
അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിലെ ആരോഗ്യ രംഗത്തെ പുതിയ ചുവടുവയ്പ്പുകളിലൂടെ കൂടുതൽ പേർക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അപൂർവ്വ രോഗങ്ങളുടെ ചികിത്സയിൽ കേരളം മുന്നേറ്റം കൈവരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Kerala to create a registry for patients with rare diseases this year, announces Health Minister Veena George.