കേരള പ്രവാസി ക്ഷേമ ബോർഡ് അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും ആരംഭിക്കുന്നു

Anjana

Kerala Pravasi Welfare Board

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. അംശദായ അടവ് മുടക്കം വരുത്തിയ അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള പലിശയും പിഴപ്പലിശയും ഉൾപ്പെടെ അടയ്ക്കുവാനുള്ള സൗകര്യം ഒരുക്കും. അംഗത്വം നഷ്ടമായവർക്കും പെൻഷൻ പ്രായം പൂർത്തീകരിച്ചിട്ടില്ലാത്തവർക്കും അംഗത്വം പുനസ്ഥാപിക്കാനുള്ള അവസരമുണ്ട്.

കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് പ്രവാസിക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ഓൺലൈനായി 200 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് അംഗത്വമെടുക്കാം. വിദേശത്ത് ജോലി ചെയ്യുന്ന കേരളീയർ 1 എ വിഭാഗത്തിൽ ഉൾപ്പെടും, അവർക്ക് പ്രതിമാസം 350 രൂപയാണ് അംശദായം. വിദേശത്ത് രണ്ടുവർഷമെങ്കിലും ജോലി ചെയ്തശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയവർ 1 ബി വിഭാഗത്തിലും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർ 2 എ വിഭാഗത്തിലും ഉൾപ്പെടും. ഈ രണ്ട് വിഭാഗങ്ങൾക്കും പ്രതിമാസം 200 രൂപയാണ് അംശദായം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രവാസി കേരളീയർക്ക് പ്രതിമാസം 3500 രൂപയും മുൻ പ്രവാസികൾക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും 3000 രൂപയും ഏറ്റവും കുറഞ്ഞ പെൻഷൻ തുകയായി ലഭിക്കും. അംശദായ കാലയളവ് അനുസരിച്ച് ഇരട്ടി തുക വരെ പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. അംഗം മരണമടഞ്ഞാൽ കുടുംബാംഗത്തിന് കുടുംബ പെൻഷനും, ശാരീരിക അവശതയുള്ളവർക്ക് അവശത പെൻഷനും ലഭിക്കും.

പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് മരണാനന്തരസഹായം, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസാനുകൂല്യം എന്നിവയും നൽകുന്നു. കുടിശിക നിവാരണം സംസ്ഥാനത്തുടനീളം നടത്താൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രം 35,000-ത്തിലധികം അംഗങ്ങൾ അംശദായ കുടിശിക വരുത്തിയിട്ടുണ്ട്.

സംസ്ഥാനതല ഉദ്ഘാടനം 2024 ഡിസംബർ 30 ന് തമ്പാനൂർ റെയിൽ കല്യാണമണ്ഡപത്തിൽ നടക്കും. കായിക, റെയിൽ, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും. പുതിയ അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ രേഖകൾ സഹിതം പരിപാടി സ്ഥലത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ക്ഷേമ ബോർഡിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Story Highlights: Kerala Pravasi Welfare Board launches membership campaign and arrears clearance drive with reduced interest rates and penalties.

Leave a Comment