കേരള പൊലീസ് ഓൺലൈൻ തട്ടിപ്പുകൾ തടയാനായി ‘സൈബർ വാൾ’ എന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നു. വ്യാജ ഫോൺ കോളുകളും വെബ്സൈറ്റുകളും വഴി പണം നഷ്ടപ്പെടുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ഈ നീക്കം. സംസ്ഥാന പൊലീസിന്റെ സൈബർ ഡിവിഷനാണ് ഈ പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ഈ ആപ്പ് വഴി സാധാരണക്കാർക്ക് തന്നെ ഫോൺ നമ്പറുകളുടെയും വെബ്സൈറ്റുകളുടെയും ആധികാരികത പരിശോധിക്കാൻ സാധിക്കും.
കേരള സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള ഒരു കമ്പനിയെ ആപ്പ് വികസിപ്പിക്കാൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ ആപ്പ് വികസിപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് സൈബർ ഡിവിഷൻ അറിയിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന തരത്തിലാണ് ആപ്ലിക്കേഷൻ സജ്ജമാക്കുക. എഐയുടെ സഹായത്തോടെ ഫോൺ നമ്പറുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, വെബ്സൈറ്റുകൾ എന്നിവയുടെ ആധികാരികത പരിശോധിക്കാനാകും.
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് അറിയിക്കാനായി 1930 എന്ന ടോൾ ഫ്രീ നമ്പർ നിലവിലുണ്ട്. ഈ നമ്പരിലൂടെയും ഫോൺ നമ്പറുകളുടെയും വെബ്സൈറ്റ് വിലാസങ്ങളുടെയും ആധികാരികത പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ‘സൈബർ വാൾ’ ആപ്പ് വികസിപ്പിക്കുന്നതോടെ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിന് കൂടുതൽ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Kerala Police developing ‘Cyber Wall’ app to prevent online frauds using AI technology