തിരുവനന്തപുരം: വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അമേരിക്കയും ലെബനനും സന്ദർശിക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. വിദേശകാര്യ മന്ത്രാലയം യാത്രയ്ക്ക് അനുമതി നിഷേധിച്ചു.
മന്ത്രിതലത്തിൽ പങ്കെടുക്കേണ്ട പരിപാടി അല്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. മന്ത്രിക്കൊപ്പം നാലംഗ സംഘവും യാത്രയ്ക്കൊരുങ്ങിയിരുന്നു. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയായിരുന്നു വിദേശ യാത്ര നിശ്ചയിച്ചിരുന്നത്.
അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംഘടിപ്പിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനായിരുന്നു വ്യവസായ മന്ത്രിക്ക് ക്ഷണം ലഭിച്ചിരുന്നത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി എംഡി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയാണ് ഈ സംഘം അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങിയിരുന്നത്. എന്നാൽ, മന്ത്രിതലത്തിലുള്ള പങ്കാളിത്തം ആവശ്യമില്ലാത്ത പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു.
Story Highlights: India’s Ministry of External Affairs denied permission for Kerala Industry Minister P. Rajeev’s visit to the US and Lebanon.