കേരളത്തിൽ മദ്യവില വർധിച്ചു. ഇന്നുമുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. പത്ത് രൂപ മുതൽ 50 രൂപ വരെയാണ് വില വർധനവ്. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്കാണ് വില വർധിപ്പിച്ചത്.
ബെവ്കോ പുറത്തിറക്കിയ പട്ടിക പ്രകാരം 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും ആയിരത്തിനു മുകളിൽ 40 രൂപയുമാണ് വർധനവ്. എന്നാൽ, 45 കമ്പനികളുടെ 107 ബ്രാൻഡുകളുടെ വില കുറച്ചിട്ടുമുണ്ട്.
ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ബെവ്കോ നിയന്ത്രണത്തിൽ ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മിന്റെ വില 640 രൂപയിൽ നിന്ന് 650 രൂപയായി. ബിയറിന് 20 രൂപ വരെയും പ്രീമിയം ബ്രാൻഡുകൾക്ക് 130 രൂപ വരെയും വില വർധിച്ചു.
15 മാസത്തിനു ശേഷമാണ് മദ്യവിലയിൽ വർധനവ് വരുന്നത്. 2022 നവംബറിൽ വിൽപ്പന നികുതിയും 2023-24 ബജറ്റിൽ സെസും വർധിപ്പിച്ചിരുന്നു. ബെവ്കോയും മദ്യ കമ്പനികളും തമ്മിലുള്ള കരാർ അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഓരോ വർഷവും കമ്പനികൾ വില വർധന ആവശ്യപ്പെടാറുണ്ട്.
മദ്യോൽപാദനത്തിനുള്ള ചെലവ് കൂടിയെന്ന കമ്പനികളുടെ വാദം സർക്കാർ അംഗീകരിച്ചു. എഥനോൾ വില വർധിച്ചതാണ് കാരണമെന്ന് പറയപ്പെടുന്നു. ഇതേ എഥനോൾ ഉൽപ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകിയത്. പാലക്കാട് ബ്രൂവറി പ്രവർത്തനം ആരംഭിച്ചാൽ മദ്യവില കുറയുമെന്നാണ് സർക്കാരിന്റെ വാദം.
Story Highlights: Liquor prices in Kerala have increased by Rs. 10 to Rs. 50 for various brands, effective today.