സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹേമ കമ്മറ്റി റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ നടത്തിയത്. റിപ്പോർട്ടിലെ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഹൈക്കോടതി ഗൗരവത്തോടെ കാണുന്നുവെന്ന് ഉത്തരവിലൂടെ വ്യക്തമാകുന്നു. കേസെടുക്കാവുന്ന കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും വ്യക്തമായതായി കോടതി പറയുന്നു.
നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതുവരെ ലൈംഗികാതിക്രമ പരാതികളിൽ മാത്രമായിരുന്നു അന്വേഷണം നടന്നതെങ്കിൽ ഇനി ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് കൂടി അന്വേഷണം നീങ്ങാൻ പോകുന്നുവെന്നതാണ് വ്യക്തമാകുന്നത്.
റിപ്പോർട്ടിലെ അതിജീവിതകളുടെ പേര് ഒരു കാരണവശാലും പുറത്തുപോകരുതെന്ന് അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നൽകി. പ്രഥമ വിവര റിപ്പോർട്ടിലും, പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും അതിജീവിതകളുടെ പേര് മറയ്ക്കണമെന്നും, എഫ്ഐആറിന്റെ പകർപ്പ് പരാതിക്കാർക്ക് മാത്രമേ നൽകാവൂ എന്നും ഹൈക്കോടതി നിർദേശിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ട് ഹൈക്കോടതി പൂർണമായും പരിശോധിച്ചതായും അറിയുന്നു.
Story Highlights: High Court orders investigation into drug use on film sets based on Hema Committee report