സംസ്ഥാനത്തെ മഴ സ്ഥിതിയിൽ മാറ്റം വന്നിരിക്കുന്നു. മധ്യകേരളത്തിൽ രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിനിടെ, ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരണപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കടയിൽ കശുവണ്ടി കമ്പനിയുടെ മതിൽ ഇടിഞ്ഞ് വീണ് സമീപത്തെ വീട് തകർന്നു. വിതുര – ബോണക്കാട് റോഡിൽ മണ്ണിടിച്ചിലുണ്ടായി.
കൊച്ചിയിലും കനത്ത മഴ തുടരുകയാണ്. കാക്കനാട്, തൃക്കാക്കര, കളമശേരി മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. കൊല്ലത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. തെന്മല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്തത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: Heavy rainfall warning issued for Kerala with orange and yellow alerts in various districts