കേരളത്തിൽ ഇന്ന് കഠിനമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ദാഹമില്ലെങ്കിൽ പോലും പരമാവധി വെള്ളം കുടിക്കണമെന്നും, ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും അധികൃതർ നിർദേശിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിച്ചു. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ അതത് സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
Story Highlights: Kerala braces for a heatwave, with a yellow alert issued for ten districts, advising people to avoid direct sunlight between 11 am and 3 pm.