നിയമസഭാ കയ്യാങ്കളി കേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസ്. ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് ഇവരെ പ്രതിചേർത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 341, 323 എന്നീ വകുപ്പുകളാണ് ചുമത്തിയത്.
മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് നിയമസഭാ കയ്യാങ്കളി കേസ്. വി ശിവൻകുട്ടിയും ഇപി ജയരാജനുമടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസിൽ പ്രതികളായിരുന്നത്. കേസ് എഴുതിത്തള്ളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.
കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമർശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയാണ് സർക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വിചാരണ നടത്താൻ നിർദേശിച്ചു. പ്രതികൾ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതൽ ഹർജികൾ നൽകി. പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതികൾ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു. എന്നാൽ മാതൃകയാകേണ്ട ജനപ്രതിനിധികളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയിൽ നടന്നതെന്നും പ്രതികൾ വിചാരണ നേരിടണമെന്നുമായിരുന്നു വിടുതൽ ഹർജികൾ തള്ളിയുള്ള സിജെഎം കോടതിയുടെ ഉത്തരവ്.
Story Highlights: Kerala High Court quashes case against UDF MLAs in assembly ruckus case