കേരളത്തിലെ പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. നിലവിലുള്ള അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നയം ആറുമാസത്തിനകം സർക്കാർ രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. പാതയോരങ്ങളിലെ കൊടിമരങ്ങൾ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടും അപകടങ്ങളും സൃഷ്ടിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഈ കേസിൽ വിധി പറഞ്ഞത്.
കൊടിമരങ്ങൾ ഇല്ലാത്ത ജംഗ്ഷനുകൾ കേരളത്തിൽ അപൂർവമാണെന്നും രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും കൊടിമരങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണെന്നും കോടതി നിരീക്ഷിച്ചു. ഈ അനിയന്ത്രിത വളർച്ചയ്ക്ക് തടയിടാനാണ് കോടതിയുടെ ഇടപെടൽ. പത്തനംതിട്ട പന്തളത്തെ മന്നം ഷുഗർ മില്ലിന് മുന്നിൽ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഷുഗർ മിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ ഹർജിയിലാണ് കോടതിയുടെ ചരിത്രപരമായ വിധി.
കോടതി ഉത്തരവ് നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കുലർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. നടപടികളുടെ പുരോഗതി സംബന്ധിച്ച് തദ്ദേശ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. സിപിഐഎം, ബിജെപി, ഡിവൈഎഫ്ഐ എന്നീ സംഘടനകളാണ് പന്തളത്തെ മന്നം ഷുഗർ മില്ലിന് മുന്നിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിച്ചത്. സ്ഥിരമായോ താൽക്കാലികമായോ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് കോടതി വിലക്കി.
Story Highlights: Kerala High Court bans unauthorized flagpoles in public places and orders the government to formulate a removal policy within six months.